Oak Times Bureau November 6, 2018

ഇടതുപക്ഷത്തിൻറെ ഇരുക്കു കോട്ടയാണ് കൊല്ലം ജില്ല. ജില്ലയിലെ 11 നിയമസഭാ നിയോജക മണ്ഡലങ്ങളെയും പ്രതിനിധീകരിക്കുന്നത് ഇടത് മുന്നണിയാണ്. ജില്ലയിലെ ചാത്തന്നൂർ, ഇരവിപുരം, കൊല്ലം, കുണ്ടറ, ചടയമംഗലം, പുനലൂർ, ചവറ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കൊല്ലം ലോക്‌സഭാ മണ്ഡലം. കയർ, കശുവണ്ടി, മത്സ്യബന്ധനതൊഴിലാളികളും തോട്ടം മേഖലയിൽ പണിയെടുക്കുന്നവരും മണ്ഡലത്തിൽ വോട്ടർമാരിലെ പ്രബല വിഭാഗമാണ്. സാമുദായിക വോട്ടുകളുടെ കേന്ദ്രീകരണം സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങളെ നിർണ്ണയിക്കാൻ ശേഷിയുള്ള മണ്ഡലങ്ങളിലൊന്നാണ് കൊല്ലം.

ആർഎസ്പിയുടെ കുത്തക മണ്ഡലമായിരുന്ന കൊല്ലത്ത് നിന്നും ആർഎസ്പി നേതാവ് എൻ ശ്രീകണ്ഠൻ നായർ അഞ്ച് തവണ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് നാല് തവണയും ആർഎസ്പി നേതാവ് എൻ കെ പ്രേമചന്ദ്രൻ മൂന്ന് തവണയും ഇവിടെ നിന്നും വിജയക്കൊടി പാറിച്ചപ്പോൾ സിപിഎം രണ്ട് തവണയും സിപിഐ ഒരു തെരഞ്ഞെടുപ്പിലും കൊല്ലത്ത് വിജയം നേടി. സിപിഎമ്മിലെ പി രാജേന്ദ്രൻ തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് മത്സരിച്ചെങ്കിലും കോൺഗ്രസിലെ പീതാംബരക്കുറുപ്പ് അദ്ദേഹത്തെ പരാജയപ്പെടുത്തി.

2014 മാർച്ച് 7 ഇടത് മുന്നണിക്ക് കൊല്ലം ലോക്‌സഭാ മണ്ടലത്തെ സംബന്ധിച്ച് നിർണ്ണായക ദിവസമായിരുന്നു. സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായ എം എ ബേബിയെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാന സെക്രട്ടേറിയേറ്റ് കൈക്കൊണ്ടപ്പോൾ ആർ.എസ്.പി ചില കടുത്ത തീരുമാനങ്ങളിലേക്ക് പോകുകയും തുടർന്ന് ആർഎസ്പി ഇടത് ചേരി വിട്ട് യുഡിഎഫ് മുന്നണിയിലെത്തുകയുമായിരുന്നു. കുണ്ടറ നിയമസഭാ മണ്ടലത്തിൽ നിന്നുള്ള എംഎൽഎകൂടി ആയിരുന്ന എംഎ ബേബിയെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച എൻ കെ പ്രേമചന്ദ്രൻ പരാജയപ്പെടുത്തി. അതിന് ശേഷം നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇടത് മുന്നണി നേടിയ ഏകപക്ഷീയ വിജയമാണ് പാർലമെൻറ് തെരഞ്ഞെടുപ്പിൽ മുന്നണിക്ക് ആത്മവിശ്വാസം നൽകുന്നത്.

 

 

രാഷ്ട്രീയ ശക്തിയെക്കാൾ ഉപരി എൻകെ പ്രേമചന്ദ്രൻ എന്ന നേതാവിൻറെ കഴിവിലും ജനസമ്മതിയിലും പ്രതീക്ഷ അർപ്പിച്ചാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. മുന്നണിയിൽ ഇത്തവണയും സീറ്റ് ആർഎസ്പിക്ക് തന്നെയാണ് എന്ന കാര്യത്തിൽ കോൺഗ്രസിനോ മറ്റ് ഘടക കക്ഷികൾക്കോ അഭിപ്രായ വ്യത്യാസമില്ല. ആർഎസ്പിക്കാകട്ടെ, ഇന്ന് രാജ്യത്ത് ആകെയുള്ള പാർലമെൻറ് അംഗമാണ് എൻ കെ പ്രേമചന്ദ്രൻ. സംസ്ഥാന നിയമ സഭകളിലോ രാജ്യ സഭയിലോ ആർഎസ്പിക്ക് നിലവിൽ പ്രാതിനിധ്യമില്ല. അത് കൊണ്ട് തന്നെ പ്രേമചന്ദ്രനെ തന്നെ മത്സരിപ്പിച്ച് മണ്ഡലം നിലനിർത്താനുള്ള ശ്രമത്തിലാണ് ആർഎസ്പി

ജനപ്രതിനിധിയെന്ന നിലയിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും പൊതു സമൂഹത്തിനാകെ സ്വീകാര്യനാണ് പ്രേമചന്ദ്രൻ. യാതൊരു വിധ അഴിമതി ആരോപണവും ഇതുവരെ അദ്ദേഹം നേരിടേണ്ടി വന്നിട്ടില്ല. പാർലമെൻറിലെ അദ്ദേഹത്തിൻറെ ഇടപെടലുകളും ശ്രദ്ധേയമാണ്. ഈ കാരണങ്ങളെല്ലാം തന്നെ പ്രേമചന്ദ്രന് വീണ്ടും വിജയിക്കാനുള്ള സാധ്യതയായി രാഷ്ട്രീയ ലോകം വിലയിരുത്തുന്നു. 1987ൽ നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ മത്സരിച്ച് വിജയിച്ചാണ് പ്രേമചന്ദ്രൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നത്. ത്രിതല പഞ്ചായത്തുകളിലും നിയമസഭയിലും പാർലമെൻറിൻറെ ഇരു സഭകളിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിൻ കഴിഞ്ഞിട്ടുള്ള എൻ കെ പ്രേമചന്ദ്രൻ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയായും സേവനം അനുഷ്ഠിച്ചിരുന്നു.

സിപിഎം മുൻ കൊല്ലം ജില്ലാ സെക്രട്ടറിയും ഇപ്പോൾ സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ കെ എൻ ബാലഗോപാലിൻറെ പേരാണ് സിപിഎം കേന്ദ്രങ്ങൾ മുന്നോട്ട് വെക്കുന്നത്. ജനകീയനും പൊതുസമ്മതനുമാണ് മുൻ രാജ്യസഭാംഗം കൂടിയായ ബാലഗോപാൽ എന്നതാണ് ഇടത് ചേരിയുടെ പ്രതീക്ഷ കൂട്ടുന്നത്. പുനലൂർ എസ് എൻ കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകനായാണ് കെ.എൻ ബാലഗോപാൽ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു.

ഇത്തവണ ബിഡിജെഎസിന് കൊല്ലം സീറ്റ് നൽകാനുള്ള ചർച്ചകളാണ് എൻഡിഎയിൽ നടക്കുന്നത്. ഇരു മുന്നണികളോടും കിടപിടിക്കുവാൻ തക്ക സ്ഥാനാർഥിയെ തന്നെ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് എൻഡിഎ തയ്യാറെടുക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കൊല്ലം ജയിക്കാനാകും എന്ന പ്രതീക്ഷയിലാണ് എൻഡിഎ.

Leave a comment.

Your email address will not be published. Required fields are marked*