Oak Times Bureau August 29, 2018

പ്രളയക്കെടുതി നേരിടുന്ന സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളും തലപൊക്കുന്നു. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ആരോഗ്യ വകുപ്പ് എലിപ്പനി ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ജില്ലകളിലാണ് ജാഗ്രതാനിര്‍ദ്ദേശമുളളത്. ഏതെങ്കിലും തരത്തിലുള്ള പനി ലക്ഷണം കണ്ടാല്‍ സ്വയംചികിത്സയ്ക്ക് മുതിരാതെ ആരോഗ്യ കേന്ദ്രങ്ങളില്‍ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇന്നലെ മാത്രം മുപ്പത്തിയഞ്ച് പേരാണ് രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. എലിപ്പനി കാരണം ഈ മാസം മൂന്നു പേര്‍ മരിച്ചു. നൂറ്റിനാല്പത്തി നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ മുന്നൂറ്റി പത്തൊമ്പത് പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. പ്രളയത്തില്‍ അകപ്പെട്ടവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുന്നവരും പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്നും മറ്റുളളവരും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രളയവുമായി നേരിട്ട് ബന്ധമില്ലാത്തവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പനി, പേശീവേദന, കണ്ണിന് ചുവപ്പ്, ഛര്‍ദ്ദി എന്നിവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. രോഗം ഗുരുതരാവസ്ഥയിലെത്തിയാല്‍ കരള്‍, വൃക്ക, ശ്വാസകോശം, ഹൃദയം, തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. മരണവും സംഭവിക്കും. അതുകൊണ്ട് തന്നെ പനി വന്നാല്‍ സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Leave a comment.

Your email address will not be published. Required fields are marked*