Oak Times Bureau November 2, 2018

കാനന ക്ഷേത്രമായ ശബരിമലയുടെ പരിശുദ്ധി ഇല്ലാതാക്കാൻ ആരുടെ ഭാഗത്തു നിന്നും ഒരു പരിശ്രമവും ഉണ്ടാകരുതെന്നും മതേതരത്വത്തിന്റെ പ്രതീകമായി ലോക ശ്രദ്ധ ആകർഷിച്ച ശബരിമലയെ യുദ്ധക്കളമാക്കി ,രക്ത ചൊരിച്ചിൽ സൃഷ്ടിക്കാൻ ഒരു ശക്തിയും തയ്യാറാകരുതെന്നും കേരളാ സർക്കാരും ഭക്ത ജന സമൂഹവും വിട്ടുവീഴ്ചക്കും സമവായ ചർച്ചകൾക്കും തയ്യാറാകണമെന്നും ശാന്തി സമിതി ചെയർ പേഴ്‌സൺ കൂടിയായ സുഗതകുമാരിയും വിവിധ മതനേതാക്കളും സംയുക്തമായി ആവശ്യപ്പെട്ടു.

ശബരിമല വിഷയം സമാധാനപരമായി പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ശാന്തി സമിതിയുടെ ആഭിമുഖ്യത്തിൽ സുഗതകുമാരിയുടെ തിരുവനന്തപുരത്തുള്ള വസതിയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് മത നേതാക്കൾ നിലപാടുകൾ വ്യക്തമാക്കിയത് . തിരുവനന്തപുരം അതിരൂപതാ ആർച്ചു ബിഷപ് ഡോ .എം.സൂസപാക്യം , പാളയം ഇമാമും പ്രമുഖ മുസ്ലിം പണ്ഡിതനും ആയ വി.പി.ഷുഹൈബ് മൗലവി, ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാൾ , ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി മുരുക്കുംപുഴ .സി.രാജേന്ദ്രൻ , ശാന്തി സമിതി വൈസ് ചെയർമാൻ ഫാ.യൂജിൻ പെരേര , സെക്രട്ടറി ജെ.എം.റഹിം ,കൺവീനർ ആർ.നാരായണൻ തമ്പി , ഗാന്ധി ദർശൻ നേതാവ് വി.സുകുമാരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു .

സുഗതകുമാരി

ശബരിമല കാനന ക്ഷേത്രമാണ് .യുവ സന്യസ്ഥനാണ് അവിടെ ഇരിക്കുന്നത് .അയ്യപ്പൻ ആ പ്രശാന്തമായ വനഭൂമിയിൽ സ്വസ്ഥമായി ഇരുന്നോട്ടെ .പ്രളയം വന്നപ്പോൾ ഒരു പക്ഷേ ,ഏറ്റവും സന്തോഷിച്ചത് ശബരിമല അയ്യപ്പനായിരിക്കും . ഓരോ പ്രദേശത്തിനും കൃത്യമായ വഹന ശേഷി ഉണ്ട് .അതിനപ്പുറം വഹിക്കാൻ കഴിയില്ല .ശബരിമല ഇപ്പോൾ തന്നെ കൊള്ളാൻ കഴിക്കുന്നതിനേക്കാൾ ആളുകളെ യാണ് വഹിക്കുന്നത് ….ആണുങ്ങളുടെ ഈ അനിയന്ത്രിത പ്രവേശനത്തിനും നിയന്ത്രണം വെച്ചാലേ ശബരിമലയെ ഇന്നുള്ള നിലക്കെങ്കിലും സംരക്ഷിക്കാൻ കഴിയൂ..മുസ്ലിങ്ങളുടെ ഹജ്ജ് കർമത്തിന് പോകുന്നവർക്ക് നിയന്ത്രണം ഉള്ളത് പോലെ ശബരിമല പ്രവേശത്തിനും നിയന്ത്രണം വെക്കണം എന്നാണു എന്റെ അഭിപ്രായം .അല്ലെങ്കിൽ പ്രകൃതി ക്ഷേത്രമായ ശബരിമല തകർക്കപ്പെടും .ഇപ്പോൾ തന്നെ പമ്പ അപമാനിതയായിക്കഴിഞ്ഞിരിക്കുന്നു. ഓരോ സീസൺ കഴിയുന്തോറും പമ്പ കൂടുതൽ കൂടുതൽ മലിനമാവുകയാണ് .പ്രളയകാലത്തു അതിന്റെയൊക്കെ തിരിച്ചടിയാണ് പമ്പനമുക്ക് നൽകിയത് . ..ശബരിമല ഒരു ചെറിയ വനഭൂമിയാണ് .നിയന്ത്രണം എല്ലാവര്ക്കും വേണം .യഥാർത്ഥ ഭക്തർക്ക് മാത്രമായി പോകാൻ കഴിയണം . അയ്യപ്പനെ കാണണം എന്ന് നിർബന്ധമുള്ള ഭക്തയായ സ്ത്രീക്കും പ്രവേശനം നൽകാൻ നമ്മൾ തയ്യാറാകണം .സ്ത്രീകളെ കണ്ടാൽ ശബരിമല അയ്യപ്പൻറെ ബ്രഹ്മ ചര്യം നഷ്ടപ്പെടും എന്നും അയ്യപ്പന് ആത്മ നിയന്ത്രണം ഇല്ലാതാകും എന്നൊക്കെ പറയുന്നത് എത്ര വിഡ്ഡിത്തമായ കാര്യമാണ് .ശബരിമലയിൽ പോകുന്ന ഭക്തരാണ് ആത്മ നിയന്ത്രണം പോകാതെ നോക്കേണ്ടത്.

ശബരിമലയെ യുദ്ധക്കളമാക്കരുത് .ഒരപകടം സംഭവിച്ചാൽ അത് കേരളത്തിന് തീരാക്കളങ്കമായി മാറും എന്ന കാര്യം ഓരോ കേരളീയനും ചിന്തിക്കണം .ശബരിമല സന്നിധിയിൽ രക്തച്ചൊരിച്ചിൽ ഉണ്ടായാൽ അയ്യപ്പൻ കേരളത്തോട് പൊറുക്കില്ല .ഭരണ കൂടവും ഭക്തജനവും ഇക്കാര്യത്തിൽ തികഞ്ഞ ആത്മ സംയമനം പാലിക്കേണ്ടതാണ് .ആയിരക്കണക്കിന് പോലീസിനെ വിന്യസിച്ചു കൊണ്ട് നിയമം നടപ്പിലാക്കാനുള്ള സർക്കാരിന്റെ സമീപനവും ആയുധവും അക്രമവും കൊണ്ട് അയ്യപ്പനെ സംരക്ഷിക്കാം എന്ന ഭക്തജന സമൂഹത്തിന്റെ വാശിയും ഏറ്റവും വലിയ അവിവേകമാണ് ;അപകടകരവുമാണ് .

ആർച്ചു ബിഷപ് ഡോ .എം.സൂസപാക്യം

ശബരിമല വിഷയത്തിൽ മൂന്നു വിഭാഗങ്ങളാണ് മുന്നിലുള്ളത് .മതേതരത്വം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന വിഭാഗം .ഭക്തി നിർഭരരായ ജന സമൂഹം .അവസരം മുതലെടുക്കുന്ന നിക്ഷിപ്ത താൽപര്യക്കാർ .വോട്ടു ബാങ്ക് രാഷ്ട്രീയമായി പ്രശ്‌നത്തെ മാറ്റാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകരുത് .സർക്കാർ മുൻകൈ എടുത്തു സമാധാനശ്രമം നടത്തണം .ഇരു വിഭാഗവും വിട്ടു വീഴ്ചക്ക് തയ്യാറാകണം .

ഭരണ ഘടനാനുസൃതമായേ സർക്കാരിന് പ്രവർത്തിക്കാനാകൂ എന്നത് സത്യം തന്നെ.എന്നാൽ അതോടൊപ്പം തന്നെ ഓരോ മത വിഭാഗത്തിനും അവരവരുടെ വിശ്വാസങ്ങൾ പ്രധാനവുമാണ് .അതും സംരക്ഷിക്കപ്പെടണം .ഒരു സമവായ പരിഹാരമാണ് ഇപ്പോൾ വേണ്ടത്.അതിനു സർക്കാർ തന്നെ മുൻകൈ എടുക്കുന്നതാണ് ജനാധിപത്യ കേരളത്തിന് നല്ലതു. പാളയം ഇമാം

വി.പി.ഷുഹൈബ് മൗലവി

എല്ലാവരും പ്രായോഗികമായി കൂടി ചിന്തിക്കണം .ഭരണഘടനാ ബഞ്ചിന്റെ വിധിക്കു മുൻപുള്ള സ്റ്റാറ്റസ് കോ നിലനിർത്താൻ ആകുമോ എന്ന കാര്യം പരിഗണിക്കണം .ഇരു വിഭാഗത്തു നിന്നും സമവായ ചിന്ത ഉണ്ടാകണം സമാധാനാന്തരീക്ഷം കൈവിട്ടു പോകുന്ന അവസ്ഥ കേരളത്തിൽ ഉണ്ടാകാൻ പാടില്ല .മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ ഇപ്പോൾ എത്രയോ ജമാഅത്തുകൾ തയ്യാറായിക്കഴിഞ്ഞു.സ്ത്രീപുരുഷ സമത്വം ഒരു വർത്തമാനകാല യാഥാർഥ്യമാണ് എന്നത് നമ്മൾ മറക്കരുത്.എന്നാൽ അതോടൊപ്പം തന്നെ ഓരോ മത വിഭാഗത്തിനും അവരുടെ ആചാര വിശ്വാസങ്ങൾ വ്രണപ്പെടുന്ന അവസ്ഥയും ഉണ്ടാകാൻ പാടില്ല .വിപ്ലവകരമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കപ്പെടാൻ സമയം എടുക്കും എന്നതിനാൽ സാവകാശത്തിലേ ഇത്തരം വിധികൾ പ്രാവർത്തികമാക്കാൻ സർക്കാരുകൾ തയ്യാറാകാവൂ …എടുത്തു ചാടിയുള്ള പിടിവാശികൾ ഇരു വിഭാഗവും ഉപേക്ഷിക്കണം .കൂടുതൽ സ്വതന്ത്രവും സമാധാനപരവുമായ ചർച്ചകൾ ഇക്കാര്യത്തിൽ ഉണ്ടാകേണ്ടതുണ്ട് .

സ്വാമി അശ്വതി തിരുനാൾ

കേരളത്തിന്റെ ഭാവിയെ ഏറ്റവും പ്രയാസകരമായ അവസ്ഥയിലേക്ക് കൊണ്ട് പോകുന്ന അപകടകരമായ വിധത്തിലാണ് നിലവിൽ ശബരിമല വിഷയം കടന്നു പോകുന്നത് .ഇത് അനുവദിച്ചു കൂടാ.ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചുകൂടാ എന്നതിന് ഒരു പ്രമാണ രേഖയും അടിസ്ഥാനപ്പെടുത്തുന്നില്ല .സുപ്രീം കോടതിയിൽ അങ്ങനെ ഒരു രേഖ കാണിക്കാൻ ആർക്കും പറ്റിയില്ല എന്നതും സത്യമാണ് .ശബരിമല അയ്യപ്പൻറെ ബ്രഹ്മ ചര്യം യുവതികളെ കണ്ടാൽ ഇല്ലാതാകുന്നതുമല്ല .എങ്കിലും കാലങ്ങളായി ശബരിമലയിൽ നിലനിൽക്കുന്ന ആചാര കീഴ്വഴക്കം എന്ന നിലക്ക് വിശ്വാസികളുടെ താൽപ്പര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ് .കേരളത്തിലെ വിശ്വാസികളുടെ മാത്രം പ്രശ്‌നമല്ല .ഇതര സംസ്ഥാനങ്ങളിലെ വിശ്വാസികളെയും ഇക്കാര്യത്തിൽ നമ്മൾ പരിഗണിച്ചേ മതിയാകൂ .

സുപ്രീം കോടതി വിധി മാനിക്കപ്പെടേണ്ടത് തന്നെയാണ് .എന്നാൽ ഒരു വലിയ ജന വിഭാഗത്തിന്റെ വിശ്വാസ പ്രശ്‌നം കൂടിയായതിനാൽ ധൃതി പിടിച്ചു നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കരുത് .ഇക്കാര്യത്തിൽ ഒരു സർവ കക്ഷി യോഗം വിളിക്കുന്നത് അഭികാമ്യമാണ് .വിധി നടപ്പിലാക്കാൻ നമുക്ക് കൂടുതൽ സമയം ആവശ്യപ്പെടാവുന്നതാണ് .സുപ്രീം കോടതിയിലെ റിവ്യൂ ഹർജികളിലെ തീർപ്പ് വരുന്നത് വരെയെങ്കിലും ക്ഷമിക്കാനുള്ള സാമാന്യ മര്യാദ ഇരു വിഭാഗവും കാണിക്കണം .സ്ത്രീ ആയാലും പുരുഷൻ ആയാലും ഭക്തി പൂർവം ശബരിമല അയ്യപ്പനെ കാണാൻ പോകുന്ന ആരെയും തടസ്സപ്പെടുത്താൻ നാം തയ്യാറാകരുതു .അത് അയ്യപ്പനും ഇഷ്ടമാകണമെന്നില്ല .

Leave a comment.

Your email address will not be published. Required fields are marked*