Oak Times Bureau November 2, 2018

 

ബിജു വിജയശങ്കർ

 

രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുമ്പോൾ രാഷ്ട്രീയ പാര്ട്ടികളും തെരഞ്ഞെടുപ്പ് നിരീക്ഷകരും ഉറ്റുനോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം . കേരളത്തിൽ ഇടത് മുന്നണിയും യുഡിഎഫും പലതവണ ജയിക്കുകയും !പല വമ്പൻമാരെയും തോൽപ്പിക്കുകയും ചെയ്ത മണ്ഡലമാണ് ഇത്. പലപ്പോഴും രാഷ്ട്രീയ പ്രവചനങ്ങളെ കാറ്റിൽ പറത്തിയ തിരുവനന്തപുരത്താണ് കേരളത്തിൽ ബീജേപിക്ക് ഏറ്റവും കൂടുതൽ ശക്തിയുള്ളത്.

തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിൻകരഎന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് തിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്ഡലം.

1977 ൽ സിപിഐയുടെ എംഎൻ ഗോവിന്ദൻ നായരും 1980 ൽ കോൺഗ്രസിലെ നീലലോഹിതദാസൻ നാടാരും 1984, 1989, 1991 വർഷങ്ങളിൽ കോൺഗ്രസിൻറെ എ ചാൾസും, 1996 ൽ സിപിഐയുടെ കെവി സുരേന്ദ്രനാഥും, 1998ൽ കെ കരുണാകരനും ,

2004ൽ പികെ വാസുദേവൻ നായരും അദ്ദേഹത്തിൻറെ മരണത്തെ തുടർന്ന് 2005 ൽ സിപിഐയുടെ പന്ന്യൻ രവീന്ദ്രനും ഇവിടെ നിന്നും പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

തിരുവനന്തപുരത്തെ സ്ഥാനാർഥികൾ ആരായിരിക്കണം എന്നത് സംബന്ധിച്ച ചർച്ചകൾ പാർട്ടികൾക്കുള്ളിൽ പുരോഗമിക്കുകയാണ്. ബീജെപിയും കോൺഗ്രസും ഇടത് മുന്നണിയും ഒരുപോലെ വിജയപ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം. കോൺഗ്രസിൻറെ ശശിതരൂർ കഴിഞ്ഞ രണ്ട് തവണയായി തുടർച്ചയായി ഇവിടെ ജയിക്കുന്നു.

സിറ്റിംഗ് എംപി ശശി തരൂർ തന്നെയാകും കോൺഗ്രസിൻറെ സ്ഥാനാർഥി എന്നത് ഏകദേശം ഉറപ്പാണ്. ദേശീയ രാഷ്ട്രീയത്തിൽ ബീജേപിയുടെയും നരേന്ദ്ര മോദിയുടെയും ഏറ്റവും വലിയ വിമർശകരിൽ ഒരാളാണ് എന്നത് ബിജെപി വിരുദ്ധ വോട്ടുകൾ സമാഹരിക്കാൻ ശശി തരൂരിന് സഹായകരമാകും എന്ന് കോൺഗ്രസ് ക്യാമ്പുകൾ കണക്ക് കൂട്ടുന്നു. മണ്ഡലത്തിൽ തരൂർ നടത്തിയ വികസനപ്രവർത്തനങ്ങളും പാർട്ടിയുടെയും മുന്നണിയുടെയും ഐക്യവും കോൺഗ്രസിൻറെ വിജയസാധ്യത വർദ്ധിപ്പിക്കുന്നു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇത്രയും കാലം നടത്തിയ എല്ലാ പ്രവർത്തനങ്ങളും വൃഥാവിലാകുമെന്ന് മനസ്സിലാക്കി കൈ മെയ് മറന്ന പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് ബിജെപി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ഒ രാജഗോപാലായിരുന്നു രണ്ടാം സ്ഥാനത്ത് എത്തിയത്. അദ്ദേഹം നേമത്ത് നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാൽ ഇത്തവണ മത്സരരംഗത്ത് ഉണ്ടാവില്ല. രാജഗോപാലിനോളം ജനകീയനായ ഒരു നേതാവിനെ സ്ഥാനാർഥിയാക്കുക എന്നതാണ് ബീജെപി നേരിടുന്ന വെല്ലുവിളി. ശബരിമല വിഷയത്തിൽ നേടാനായ ഹൈന്ദവ ഐക്യം തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ബിജെപി നേതൃത്വത്തിൻറെ വിലയിരുത്തൽ.
തിരുവനന്തപുരത്ത് സുരേഷ് ഗോപിയുടെ പേരാണ് പ്രഥമ പരിഗണനയിലുള്ളത്. 2022 വരെ രാജ്യസഭാംഗമായി തുടരാമെന്നതിനാൽ സുരേഷ് ഗോപിക്ക് ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനോട് അത്ര താല്പര്യമില്ല. മിസോറാം ഗവർണർ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണമെന്നാണ് പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ താല്പര്യം. 1987 ൽ തിരുവനന്തപുരം ഈസ്റ്റിലും 2016 ൽ വട്ടിയൂർക്കാവിലും നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ കുമ്മനത്തിന് തിരുവനന്തപുരം ലോക്‌സഭാ സീറ്റിൽ നല്ല സാധ്യതയുണ്ടെന്നാണ് കുമ്മനത്തിനു വേണ്ടി വാദിക്കുന്നവർ പറയുന്നത്. മിസോറാം ഗവർണറായി പോകുന്നതിൽ താല്പര്യമില്ലാതിരുന്ന കുമ്മനത്തിനും കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ട്. ഐഎസ്ആർഒ മുൻ ഡയറക്ടർ ജി മാധവൻ നായരെ മത്സരിപ്പിക്കണമെന്ന അഭിപ്രായമുണ്ടെങ്കിലും അതിനുള്ള സാധ്യത കുറവാണെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ കണക്ക് കൂട്ടുന്നു.

ഭരണനേട്ടങ്ങളും പ്രത്യേകിച്ച് ഓഖി, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ മികവുമെല്ലാം തങ്ങൾക്ക് ഗുണകരമാകും എന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. വിജയ പ്രതീക്ഷ ഉണ്ടെങ്കിലും മത്സരിപ്പിക്കാൻ ജനകീയനായ ഒരു സ്ഥാനാർഥി ഇല്ലെന്നത് സിപിഐ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. കഴിഞ്ഞ തവണ കോഴ വാങ്ങി സീറ്റ് വിറ്റു എന്ന പേര് ദോഷവും പാർട്ടി സ്ഥാനാർഥി ആയി മത്സരിച്ച ബെന്നറ്റ് എബ്രഹാം മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപെട്ടതിൻറെ നാണക്കേടും ഒഴിവാക്കാൻ വിജയത്തിൽ കുറഞ്ഞൊന്നും കൊണ്ടാവില്ലെന്ന് സിപിഐ നേതൃത്വം കണക്ക് കൂട്ടുന്നു. അതുകൊണ്ട് തന്നെ, പാർട്ടി നേതാക്കളെ പരിഗണിക്കുന്നതിന് പകരം സിപിഎമ്മിന് കൂടി സമ്മതനായ ഒരു സ്ഥാനാർഥിയെ ആകും സിപിഐ രംഗത്തിറക്കുക.

 

ഐഎസ്ആർഒ മുൻ ശാസ്ത്രഞ്ജൻ നമ്പി നാരായണനോ സ്വാമി സന്ദീപാനന്ദ ഗിരിയോ ഇടത് മുന്നണി സ്ഥാനാർഥി ആയി വന്നാലും അത്ഭുതപ്പെടാനില്ല.

 

നമ്പി നാരായണൻ ഈ തെരഞ്ഞെടുപ്പിൽ എന്തായാലും ചർച്ചയാകും എന്നത് ഉറപ്പാണ്. കോൺഗ്രസിനെതിരെ ബീജേപിയും ഇടത് മുന്നണിയും ഉപയോഗിക്കുന്ന ആയുധങ്ങളിൽ ഒന്നാണ് നമ്പി നാരായണൻ. അതുകൊണ്ട് തന്നെ ഇടതുമുന്നണി അദ്ദേഹത്തെ സ്ഥാനാർഥിയാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. സ്ഥാനാർഥി ആയാലും ഇല്ലെങ്കിലും നമ്പി നാരായണൻ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സജീവമായി ചർച്ച ചെയ്യപ്പെടും.

മത്സരം ബീജെപിയും കോൺഗ്രസും തമ്മിലായിരിക്കുമെന്നും അതല്ല ബീജേപിയും ഇടതുമുന്നണിയും തമ്മിലായിരിക്കുമെന്നും രണ്ട് വാദങ്ങളാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്. ആരൊക്കെയാകും പ്രധാന ചിത്രത്തിൽ ഉണ്ടാകുക എന്നത് സ്ഥാനാർഥിയെ കൂടി ആശ്രയിച്ചിരിക്കും

അതേ സമയം തന്നെ മൂന്ന് മുന്നണികളുടെയും മറ്റ് രാഷ്ട്രീയ കേന്ദ്രങ്ങളുടെയും ചർച്ചകളിൽ ഒരു വനിത സ്ഥാനാർഥിയാകുന്നത് സംബന്ധിച്ച വിദൂര സാധ്യത പോലുമില്ല.

 

1 thought on “തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് ഗോദയിൽ നമ്പി നാരായണൻ താരമാകുമോ

Leave a comment.

Your email address will not be published. Required fields are marked*